പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്തവർക്കെതിരേ കേസെടുത്തത് പുനപരിശോധിക്കണം : ബിഷപ്പ് ജോസ് പൊരുന്നേടം

പതിവായി നടക്കുന്ന വന്യമൃഗ ആക്രമണങ്ങളോട് അധികൃതർ കാണിക്കുന്ന നിസ്സംഗതയ്ക്കെതിരെ പുൽപള്ളിയിൽ അരങ്ങേറിയ പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്തവർക്കെതിരേ കേസെടുത്തത് പുനപരിശോധിക്കണമെന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസ് പൊരുന്നേടം. വന്യജീവി ആക്രമണം മൂലം പൊറുതി മുട്ടിയവരും ഭയചകിതരുമായ ഒരു ജനത്തിന്റെ പ്രതിഷേധപ്രകടനത്തിൽ സംഭവിച്ച വീഴ്ചകളെ അതുണ്ടാകാനിടയായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലായിരിക്കണം വിലയിരുത്തേണ്ടത്. എല്ലാം നിയമപരമായി നേരിടാമെന്നും കൈകാര്യം ചെയ്യാമെന്നും കരുതുന്നത് മൗഡ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സമരത്തിൽ ജനമുയർത്തിയ പ്രതിസന്ധികളെ കണ്ടില്ലെന്ന് നടിക്കുകയും നേതൃത്വമില്ലാത്ത ഒരു ജനക്കൂട്ടത്തിന്റെ പിഴവുകൾക്ക് മേൽ അടിയന്തിര നടപടികൾ സ്വീകരിക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് ജനകീയ പ്രക്ഷോഭങ്ങളെ സർക്കാർ ഭയപ്പെടുന്നതുകൊണ്ടാണ്. പ്രതിഷേധം പ്രകടിപ്പിച്ചവരെ അറസ്റ്റ് ചെയ്യാനുള്ള ഉത്സാഹം വന്യമൃഗപ്രതിസന്ധി പരിഹരിക്കുന്നതിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.

രാത്രി വന്യമൃഗത്തിന്റെ ആക്രമണത്തെ ഭയപ്പെടുന്ന ഒരു ജനത പകൽ പോലീസിനെക്കൂടി ഭയപ്പെടേണ്ടി വരുന്നത് എത്ര പരിതാപകരമാണ്. പഠനവും ജോലിയുമെല്ലാം സ്വപ്നം കാണുന്ന യുവജനങ്ങളെയടക്കം നിയമക്കുരുക്കിൽ പ്പെടുത്തുന്ന നടപടികളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറാൻ തയ്യാറാകണമെന്നും മാധ്യമങ്ങൾക്ക് നല്കിയ അഭിമുഖത്തിൽ ബിഷപ് ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group