സഭാ പ്രബോധനങ്ങളിൽ വ്യക്തതയില്ലാത്തവർ ക്ലബ് ഹൗസ് ചർച്ചക്കാരാകുമ്പോൾ ഭവിഷത്തുകൾ നേരിടേണ്ടി വരുന്നത് ക്രൈസ്തവ സമൂഹം മുഴുവൻ

    ഈയിടെ ഒരു ക്ലബ് ഹൗസ് ചർച്ച നടന്നു. ഇസ്ലാമിനെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാട് അവിടെ ഏറെ വിമർശിക്കപ്പെട്ടു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മറ്റു മതങ്ങളെക്കുറിച്ചുള്ള ഡിക്രിയിലെ (NA: നോസ്ത്ര ഏതാതേ) മൂന്നാം നമ്പറും തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖയിലെ (LG: ലൂമൻ ജെൻസിയും) പതിനാറാം നമ്പറും കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം (CCC) 841-ാം നമ്പറും തനി വില്ലന്‍ പരിവേഷത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. താഴെപ്പറയുന്ന ചോദ്യങ്ങളാണ് മുഖ്യമായും ഉയർന്നത്:

    1. രക്ഷാപദ്ധതിയില്‍ മുസ്ലീങ്ങൾക്കും സ്ഥാനമോ?

    ദൈവത്തിന്റെ രക്ഷാപദ്ധതി (cf. ഉത്പ 3,15) എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ലല്ലോ. യേശുക്രിസ്തു ലോകത്തിലേക്കു വന്നത് എല്ലാവരെയും രക്ഷിക്കാന്‍ വേണ്ടിയാണെന്നും രക്ഷ ക്രിസ്തുവിലൂടെ മാത്രമുള്ളതാണെന്നും നമുക്കറിയാം. LG 16-ാം ഖണ്ഡിക ആരംഭിക്കുന്നത് ”ഇതുവരെ സുവിശേഷം സ്വീകരിക്കാത്തവര്‍ ദൈവജനത്തോട് വിവിധ തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു” എന്ന ഭാവാത്മകമായ വാക്യത്തോടെയാണ്. തുടര്‍ന്ന് യഹൂദരെ ‘ദൈവത്തിന് ഏറ്റവും ഇഷ്ടഭാജനമായ ജനത’ എന്നു വിശേഷിപ്പിച്ചതിനു ശേഷം മുസ്ലീങ്ങളെക്കുറിച്ചു പരാമര്‍ശിക്കുന്നിടത്ത് ”രക്ഷയുടെ പദ്ധതി സ്രഷ്ടാവിനെ അംഗീകരിക്കുന്നവരെക്കൂടി ഉള്‍ക്കൊള്ളുന്ന ഒന്നാണ്” എന്നു വ്യക്തമാക്കിക്കൊണ്ട് മുസിൽമാന്മാരെയും യേശുവിലൂടെയുള്ള പരിത്രാണ പദ്ധതി ആശ്ലേഷിക്കുന്നു എന്നു വ്യക്തമാക്കിയിരിക്കുന്നു.

    ക്രിസ്തുവിനും 600 വര്‍ഷങ്ങള്‍ക്കു ശേഷം ക്രിസ്തുവിലൂടെയുള്ള രക്ഷാപദ്ധതിയെ പൂർണ്ണമായി തള്ളിക്കളഞ്ഞവര്‍ എങ്ങനെയാണ് രക്ഷാപദ്ധതിയില്‍ ഉള്‍പ്പെടുന്നത് എന്നതാണ് ഇവിടെ ചിലരുടെ ചോദ്യം.

    കൗൺസിൽ രേഖയുടെ തുടര്‍ന്നുള്ള ഭാഗം വായിച്ചാല്‍, തത്സംബന്ധിയായി ഉയരുന്ന അത്തരം ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും: എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നാണ് രക്ഷകന്‍ ആഗ്രഹിക്കുന്നത് (1 തിമോ 2,4). അതുകൊണ്ട് മിശിഹായുടെ സുവിശേഷത്തെയും അവിടുത്തെ സഭയെയും സ്വന്തം കുറ്റം കൊണ്ടല്ലാതെ അറിയാതെയിരിക്കുകയും എന്നാല്‍, ആത്മാര്‍ത്ഥ ഹൃദയത്തോടെ ദൈവത്തെ തേടുകയും അവിടത്തെ ഇഷ്ടം മനസ്സാക്ഷിയുടെ പ്രേരണയ്ക്കനുസൃതമായി പ്രവൃത്തികളാല്‍ പൂര്‍ത്തീകരിക്കുന്നതിന് പ്രസാദവരത്തിന്റെ പ്രചോദനത്താല്‍ പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് നിത്യരക്ഷ പ്രാപിക്കാന്‍ കഴിയും. സ്വന്തം കുറ്റത്താലല്ലാതെ ദൈവത്തെ ഇനിയും സ്പഷ്ടമായി അംഗീകരിക്കാതിരിക്കുകയും ദൈവവരപ്രസാദത്തോടു കൂടിത്തന്നെ ശരിയായ ജീവിതം നയിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് ദൈവപരിപാലനം രക്ഷയ്ക്കാവശ്യകമായ സഹായങ്ങള്‍ നിഷേധിക്കുകയില്ല. നന്മയായിട്ടോ, സത്യമായിട്ടോ അവരില്‍ കണ്ടെത്തുന്നവയെല്ലാംതന്നെ സുവിശേഷ സ്വീകരണത്തിനു വേണ്ടിയുള്ള ഒരുക്കമായിട്ടാണ് സഭ കണക്കിലെടുക്കുന്നത്.”

    ‘സുവിശേഷ സ്വീകരണത്തിനു വേണ്ടിയുള്ള ഒരുക്കം’ (Praeparatio Evangelica) എന്ന ഭാവാത്മക പ്രയോഗം നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കേസറിയായിലെ എവുസേബിയൂസിൻ്റേതാണ്. വചനത്തിലൂടെയാണ് എല്ലാം സൃഷ്ടിക്കപ്പെട്ടതെന്ന യാഥാർത്ഥ്യവും (cf. യോഹ 1,3) “താൻ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നു” എന്ന ദൈവത്തിൻ്റെ സൃഷ്ടികർമ്മാനന്തര ആസ്വാദനവും (ഉത്പ 1,31)വെറും സൃഷ്ടവസ്തുക്കൾ പോലും ദൈവത്തെ പ്രഘോഷിക്കുകയും അനുസരിക്കുകയും ചെയ്യുന്നു എന്ന 19-ാം സങ്കീർത്തനം കർത്താവിൻ്റെയും വി. പൗലോസിൻ്റെയും (cf. റോമാ 1,20) നിലപാടുകളുമാണ് ‘Praeparatio Evangelica’ എന്ന ഭാവാത്മക വീക്ഷണത്തിൻ്റെ നിലപാടുതറയായി നിലകൊള്ളുന്നത്. സൃഷ്ടവസ്തുക്കളെപ്പോലെതന്നെ എല്ലാ മതങ്ങളെയും സംസ്കാരങ്ങളെയും സഭ വീക്ഷിക്കുന്നത് സുവിശേഷത്തിനുള്ള ഒരുക്കമായിട്ടാണ്. അതിനാലാണ് അവയിലെല്ലാം ‘സത്യത്തിൻ്റെ രശ്മി’യും (NA 2) ‘വചനത്തിൻ്റെ വിത്തും’ (AG 11) കാണാൻ ക്രിസ്തുവിൻ്റെ സഭയ്ക്ക് കഴിയുന്നത്. ഖുറാൻ വായിച്ച് അതിൽ ഒളിഞ്ഞു കിടക്കുന്ന ‘വചന’പ്രാധാന്യം തിരിച്ചറിഞ്ഞ് ക്രിസ്തുവിൽ എത്തിച്ചേർന്ന അനേകമനേകം ഇസ്ലാമിക വ്യക്തിത്വങ്ങൾ സഭയുടെ ഈ വീക്ഷണത്തിന് കൈയൊപ്പു ചാർത്തുന്ന സാക്ഷ്യങ്ങളാണ്. നബീൽ ഖുറേഷിയുടെ Seeking Allah, Finding Jesus എന്ന ഗ്രന്ഥം ഒന്നു വായിക്കുന്നതു നല്ലതാണ്.

    ഭാവാത്മകമായ സമീപനത്തിലൂടെ മാത്രമേ സ്ഥായിയായ ക്രൈസ്തവ സുവിശേഷവത്കരണം സാധ്യമാകൂ എന്നാണ് സഭയുടെ പ്രേഷിത പ്രവർത്തനത്തെക്കുറിച്ചുള്ള വത്തിക്കാൻ കൗൺസിലിൻ്റെ രേഖ വ്യക്തമാക്കുന്നത്: “മിശിഹാതന്നെയും മനുഷ്യഹൃദയങ്ങളെ പരിശോധിക്കുകയും അവരോട് ശരിയായ മാനുഷിക സംവാദം വഴി ദൈവികമായ വെളിച്ചത്തിലേക്ക് അവരെ ആനയിക്കുകയും ചെയ്തതുപോലെ, അവിടുത്തെ ശിഷ്യന്മാരും മിശിഹായുടെ ആത്മാവിനാൽ അവഗാഢം പൂരിതരായി അവർ സഹവസിക്കുന്ന ജനങ്ങളെ മനസ്സിലാക്കുകയും അവരോട് ഇടപഴകുകയും, അങ്ങനെ ആത്മാർത്ഥവും ക്ഷമാപൂർവകവും ആയ സംവാദം വഴി ഔദാര്യനിധിയായ ദൈവം ജനപദങ്ങൾക്കു ചൊരിഞ്ഞിരിക്കുന്ന സമ്പത്തുകളെ അറിയുകയും ചെയ്യണം. അതോടൊപ്പം ഈ സമ്പത്തുകളെ സുവിശേഷ വെളിച്ചത്താൽ പ്രകാശിതമാക്കാനും സ്വതന്ത്രമാക്കാനും ദിവ്യരക്ഷകനായ ദൈവത്തിൻ്റെ ഭരണസീമയിൽ കൊണ്ടുവരാനും പരിശ്രമിക്കണം” (NA 11).

    എന്തെല്ലാം കുറവുകളും തിന്മകളും ഉള്ള ഒരു മതസംവിധാനമാണെങ്കിലും അതിലും സത്യത്തിൻ്റെ രശ്മികളും വചനത്തിൻ്റെ വിത്തുകളും ദർശിക്കാനാകും. കുറവുകളുടെയും തെറ്റുകളുടെയും അധാർമ്മികതകളുടെയും കൂമ്പാരങ്ങളിൽ പോലും സുവിശേഷത്തിലേക്കു നയിക്കുന്ന സത്യരശ്മിയും ക്രിസ്തുവിലേക്കു നയിക്കുന്ന വചനവിത്തും ഉണ്ട്. ഖുറാനിലെ തെറ്റുകളും കുറവുകളും അധാർമ്മികതയും കണ്ടെത്തി അതിനെ പിശാചിൻ്റെ ഗ്രന്ഥം എന്നോ മുഹമ്മദിൻ്റെ ജീവിതത്തിലെ ധാർമ്മിക വീഴ്ചകളുടെ നീണ്ട ലിസ്റ്റ് കണ്ടെത്തി അദ്ദേഹത്തെ പിശാചെന്നോ അള്ളാഹുവിൻ്റെ ഗോത്ര ദൈവ പശ്ചാത്തലം കണ്ടെത്തി ആ സങ്കല്പത്തെ പൈശാചികം എന്നോ മുദ്രകുത്താൻ സഭാത്മകമായ മനസ്സുള്ളവർക്ക് സാധിക്കുകയില്ല. എന്നാൽ, ഇവയെ അങ്ങനെ തന്നെ സ്വീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്യേണ്ട ആവശ്യവും ക്രൈസ്തവർക്കില്ല. സത്യദൈവവും സത്യമനുഷ്യനുമായ യേശുക്രിസ്തുവിൻ്റെയും സ്നേഹത്തിൻ്റെ യുക്തിഭദ്രത പേറുന്ന ത്രിയേകദൈവത്തിൻ്റെയും ക്രമാനുഗതവും ആത്യന്തികവുമായ വെളിപ്പെടുത്തൽ അടങ്ങുന്ന വിശുദ്ധ ഗ്രന്ഥത്തിൻ്റെയും മുന്നിൽ മറ്റുള്ളവയ്ക്കെല്ലാം നിഴലുകളുടെ സ്ഥാനമേയുള്ളൂ എന്നു നമുക്കു വ്യക്തമാണല്ലോ. പക്ഷേ, ആ നിഴലുകളെ ഭാവാത്മകമായി സമീപിച്ചു കൊണ്ടു വേണം ക്രിസ്തുവിൻ്റെ പ്രഭാപൂരം അവയിലെല്ലാം പരത്താൻ.

    2. മുസ്ലീങ്ങൾക്കും ക്രൈസ്തവർക്കും ഒരേ ദൈവമോ?”

    അവര്‍ കരുണാനിധിയും അന്ത്യദിനത്തിൽ മനുഷ്യരെ വിധിക്കാനിരിക്കുന്നവനുമായ ഏകദൈവത്തെ നമ്മോടൊത്ത് ആരാധിക്കുന്നു” എന്ന പ്രസ്താവന പലരെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. യേശുക്രിസ്തുവിനെ പ്രവാചകനായി തരംതാഴ്ത്തിയ ഇസ്ലാമിന്റെ അള്ളാഹുവാണോ ക്രിസ്ത്യാനിയുടെ ദൈവം എന്നാണ് അവര്‍ ചോദിക്കുന്നത്.

    മുസ്ലീങ്ങള്‍ ഏകനും കരുണാര്‍ദ്രനും മനുഷ്യകുലത്തിന്റെ വിധിയാളനുമായ ദൈവത്തെ ആരാധിക്കുന്നു എന്ന പ്രസ്താവന വി. ഗ്രിഗറി ഏഴാമന്‍ പാപ്പാ 1076-ല്‍ മൗറത്താനിയായിലെ (ഇന്നത്തെ അള്‍ജീരിയ) മുസ്ലീം രാജാവായ അല്‍ നാസീറിന് എഴുതിയ കത്തിലെ പരാമര്‍ശമാണ് എന്നത് പലരും ശ്രദ്ധിച്ചിട്ടില്ല. അദ്ദേഹം എഴുതി: ”നിങ്ങളും ഞങ്ങളും ഒരു ദൈവത്തില്‍ വിശ്വസിക്കുകയും സ്വാഭാവികമായി, വ്യത്യസ്ത രീതികളില്‍ അവിടത്തെ ഏറ്റുപറയുകയും ചെയ്യുന്നു”.

    ഇവിടെ ‘ഒരു ദൈവം’ എന്നാണ് കുറിച്ചിരിക്കുന്നത്, ‘ഒരേ ദൈവം’ എന്നല്ല. ഇംഗ്ലീഷില്‍ the one God എന്നു പരിഭാഷപ്പെടുത്തിക്കാണാറുണ്ട്. ലത്തീനില്‍ ആര്‍ട്ടിക്കിള്‍ ഇല്ല എന്നതു പ്രത്യേകം ശ്രദ്ധിക്കണം. മൂലഭാഷയില്‍ ഉദ്ദേശിക്കാത്ത the same എന്ന അര്‍ത്ഥം ഇംഗ്ലീഷ് പരിഭാഷയിലെ the പ്രയോഗം ഉളവാക്കുന്നുണ്ടെന്ന് ചിലർക്കെങ്കിലും തോന്നുന്നുണ്ട്. തീർച്ചയായും, തെറ്റിദ്ധാരണാജനകമായ പരിഭാഷകള്‍ ഒഴിവാക്കാന്‍ നാം ശ്രദ്ധിക്കേണ്ടതാണ്. കാരുണ്യവാനും അന്ത്യവിധിയാളനുമായ ഏകദൈവത്തിലുള്ള വിശ്വാസം രണ്ടു മതങ്ങളിലുമുണ്ട്, ശരി തന്നെ. എന്നാൽ, ഏക ദൈവത്തെ നമ്മോടൊപ്പം ആരാധിക്കുകയെന്നാൽ അർത്ഥം ഒരേ ദൈവത്തെ ആരാധിക്കുകയെന്നോ ഒന്നിച്ച് ആരാധന നടത്തുക എന്നോ അല്ല. ‘വ്യത്യസ്ത രീതികളിൽ’ എന്ന് വി. ഗ്രിഗറി പാപ്പ കൂട്ടിച്ചേർത്തിട്ടുള്ളത് ഇവിടെ ശ്രദ്ധേയമാണ്.

    ഇരുകൂട്ടരുടെയും ദൈവസങ്കല്പങ്ങൾ ഒന്നാണെന്നു കരുതുന്നത് യുക്തിക്കു നിരക്കുന്നതല്ലെന്നതു സുവിദിതമാണല്ലോ. ഏകദൈവവിശ്വാസികളാണ് മുസ്ലീങ്ങളും ക്രൈസ്തവരുമെങ്കിലും ഇരുവരുടെയും ദൈവസങ്കല്പങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. കേവല ഏകാകിത്വമാണ് (Absolute Singularity) ഇസ്ലാമിന്റേതെങ്കില്‍, ത്രിത്വമാണ് (Trinity) ക്രൈസ്തവരുടേത്. ഈ രണ്ടു ദൈവസങ്കല്പങ്ങളും സമ്മാനിക്കുന്ന ലോകദര്‍ശനവും തികച്ചും വ്യത്യസ്തമാണ്. കേവല ഏകത്വത്തിന്റെ മുഖ്യപദം ‘മാത്രം’ (only) എന്നതാകയാല്‍ എക്‌സ്‌ക്ലൂസിവിസമായിരിക്കും ആ വിശ്വാസത്തിന്റെ മുഖ്യധാര. ഏകത്വത്തിലെ കൂട്ടായ്മയാണ് ത്രിത്വത്തിന്റെ ഉന്നല്‍ എന്നതിനാല്‍ സ്‌നേഹത്തിലൂന്നിയ ഇന്‍ക്ലൂസിവിസമായിരിക്കും ആ വിശ്വാസത്തിന്റെ മുഖ്യധാര. ത്രിത്വവിശ്വാസം ആഴപ്പെട്ടിട്ടുള്ളയിടങ്ങളില്‍ വ്യക്തിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും വ്യക്തി-സമൂഹ പാരസ്പര്യവും സ്ത്രീ-പുരുഷ സമത്വവും ഏതു തൊഴിലിന്റെയും മാന്യതയും സാരവത്തായ ജനാധിപത്യവും നിലനില്ക്കുന്നതിന്റെ കാരണം മറ്റെങ്ങും തേടേണ്ടതില്ല.

    മാത്രമല്ല, യേശുക്രിസ്തുവിനെ ദൈവമായി കാണാന്‍ ഇസ്ലാമിന് ആവില്ല. യേശുക്രിസ്തു പഠിപ്പിച്ച ത്രിയേക ദൈവസങ്കല്പത്തെ സ്വീകരിക്കാന്‍ അവര്‍ക്കു കഴിയാത്തതിന് അത് ഒരു കാരണവുമാണ്. ഖുറാനില്‍ അവിടന്ന് വെറും പ്രവാചകനാണ്. അവിടത്തെ കുരിശുമരണവും ഉത്ഥാനവുമൊന്നും അവര്‍ അംഗീകരിക്കുന്നില്ല. അങ്ങനെ നോക്കിയാല്‍, ഒരു കാര്യം വ്യക്തമാണ് – ബൈബിളിലെ യേശുക്രിസ്തുവല്ല ഖുറാനിലെ ഈസാ നബി. യേശുവിനും ആറു നൂറ്റാണ്ടുകള്‍ക്കു ശേഷം ആര്യന്‍-നെസ്റ്റോറിയന്‍ പാഷണ്ഡികളില്‍ നിന്നു മുഹമ്മദിനു കൈമാറിക്കിട്ടിയ ഈസായ്ക്ക് ബൈബിളിലെ യേശുക്രിസ്തുവുമായി ഒരു ബന്ധവുമില്ല എന്നതാണ് സത്യം. ഇക്കാര്യങ്ങളെക്കുറിച്ച് എട്ടാം നൂറ്റാണ്ടില്‍ത്തന്നെ സഭാപിതാവായ വി. ജോണ്‍ ഡമഷീന്‍ (675-749) തന്റെ ‘ഇസ്മായേല്യപാഷണ്ഡത’, ‘ഒരു ക്രിസ്ത്യാനിയും സരസേനനും തമ്മിലുള്ള തര്‍ക്കം’ എന്നീ ഗ്രന്ഥങ്ങളില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

    3. മുസ്ലീങ്ങള്‍ക്ക് അബ്രാഹത്തിന്റെ വിശ്വാസമോ?

    ക്ലബ് ഹൗസ് ചർച്ചയിൽ പങ്കെടുത്ത പലരും സഭാരേഖകൾ ഇസ്ലാമിനെ അബ്രഹാമിക മതമായി അംഗീകരിക്കുന്നു എന്ന് കുറ്റപ്പെടുത്തുകയുണ്ടായി. എന്നാൽ, സത്യം എന്താണ്? ”അബ്രാഹത്തിൻ്റെ വിശ്വാസം മുറുകെപ്പിടിക്കുന്നുവെന്ന് ഏറ്റുപറയുന്ന” മുസൽമാന്മാർ എന്ന LG 16ഉം ”അവർ സസന്തോഷം സ്വയം ബന്ധപ്പെടുത്തുന്ന അബ്രാഹം” എന്ന NA 3ഉം “These (Moslems) profess to hold the faith of Abraham” എന്ന CCC 841ഉം വ്യക്തമാക്കുന്നത് മുസ്ലീങ്ങൾ അങ്ങനെ അവകാശപ്പെടുന്നു എന്നു മാത്രമാണ്. അബ്രാഹത്തിന്റെ വിശ്വാസം മുസ്ലീങ്ങള്‍ മനസ്സിലാക്കിയതില്‍ എത്രമാത്രം കൃത്യതയുണ്ടെന്ന് പരിശോധിക്കേണ്ട ഒന്നായിരുന്നില്ല രണ്ടാം വത്തിക്കാൻ കൗൺസിൽ. ‘നോസ്ത്ര ഏതാത്തേ’ അവയ്ക്കുള്ള രേഖയുമല്ല. ഒരു എക്യുമേനിക്കല്‍ കൗണ്‍സില്‍ എന്ന നിലയില്‍, ഒന്നിപ്പിക്കാവുന്ന ഘടകങ്ങള്‍ക്കാണ്, ഭിന്നിപ്പിക്കാവുന്നവയ്ക്കല്ല രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ ഊന്നല്‍ നല്കിയത്. അതിനാൽ, ഇസ്ലാമിനെ ഒരു അബ്രഹാമിക മതമായി കൗൺസിൽ പ്രഖ്യാപിച്ചു എന്ന വാദം ബാലിശമാണ്.

    അബ്രാഹത്തിന്റെ സന്തതിയായ ഇസഹാക്കിലൂടെയാണ് ദൈവവുമായുള്ള ഉടമ്പടി മുന്നോട്ടു പോയതെന്ന് (cf. ഉത്പ 17,21) വി. ഗ്രന്ഥം വായിക്കുന്ന എല്ലാവര്‍ക്കും അറിയാം. വി. മത്തായിയുടെ സുവിശേഷത്തിലെത്തുമ്പോള്‍ യേശുവിന്റെ വംശാവലി ആരംഭിക്കുന്നതുതന്നെ അബ്രാഹത്തിലാണെന്നതു പ്രത്യേകം ശ്രദ്ധേയമാണ്.

    ബൈബിളിലെ ഇസ്മായേലിന്റെ പിന്തുടര്‍ച്ചയാണ് ഇസ്ലാം എന്ന് മുസ്ലീങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതിന് രേഖാപരമായ ഒരു തെളിവും – ഒരു വംശാവലി പോലും – അവര്‍ക്കില്ല. ബൈബിളിലെ ഇസ്മായേല്യര്‍ക്ക് ഇസ്ലാമിക ചരിത്രം ഉയര്‍ത്തിക്കാണിക്കുന്ന ഖുറേഷി ഗോത്രവുമായോ മക്കയില്‍ അധിവസിച്ചിരുന്ന മറ്റേതെങ്കിലും ഗോത്രവുമായോ ചരിത്രപരമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നെന്നു തെളിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഇസ്മായേലിനെക്കുറിച്ചുള്ള ബൈബിള്‍ കാഴ്ചപ്പാടാകട്ടെ, ഉത്പ 16,1.12; 17,20.21; 21,20.21; 25,12-18; സങ്കീ 83,6-8.17; ഗലാ 4,22-31 എന്നിവയില്‍ വ്യക്തമാണുതാനും. ”സാറായില്‍ നിന്ന് അടുത്ത വര്‍ഷം ഈ സമയത്ത് നിനക്കു ജനിക്കാന്‍ പോകുന്ന ഇസഹാക്കുമായിട്ടാണ് എന്റെ ഉടമ്പടി ഞാന്‍ സ്ഥാപിക്കുക” എന്ന് തിരുവചനം അസന്ദിഗ്ധമായി പ്രസ്താവിക്കുന്നു (ഉത്പ 17,21).

    യഹൂദര്‍ക്കു മാത്രമുണ്ടായിരുന്ന ഒരു പാരമ്പര്യം (ഉത്പ 16,1-16; 17,15-21; 21,9-21) ഏകപക്ഷീയമായി കടംകൊണ്ടതല്ലാതെ, മുഹമ്മദു നബിക്ക് 2500 വര്‍ഷങ്ങള്‍ക്കു മുമ്പ് അബ്രാഹത്തിന്റെയും ഹാഗാറിന്റെയും പുത്രനായി ജനിച്ച ഇസ്മായേലുമായുള്ള ബന്ധം തെളിയിക്കാന്‍ ആര്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത്?

    എക്യുമെനിസവും അജപാലനവും വിശ്വാസ സമർത്ഥനവും

    രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ മറ്റു മതങ്ങളോടുള്ള നിലപാട് ഐക്യ പ്രധാനമായ സംവാദമാണെന്നതു ശരിതന്നെ. എല്ലാ കത്തോലിക്കാ വിശ്വാസികളും ഈ നിലപാട് പ്രായോഗിക ജീവിതത്തിൽ പുലർത്തേണ്ടതുണ്ട്. എന്നാൽ, ക്രൈസ്തവ വിശ്വാസത്തിൻ്റെ അനന്യത പണയം വച്ചുകൊണ്ടായിരിക്കരുത് ഈ ഡയലോഗ്. സംവാദവും പ്രഘോഷണവും ഒരുമിച്ചു പോകേണ്ടതുണ്ട് (Dialogue and Proclamation, 19 May 1991).

    പ്രത്യേകിച്ച്, അജപാലനപരമായ പ്രതിസന്ധികൾ ഉളവാകുന്ന അവസരങ്ങളിൽ, വിശ്വാസ സമർത്ഥനത്തിൻ്റെ ആവശ്യം നേരിടുന്ന സാഹചര്യങ്ങളിൽ, ക്രൈസ്തവരുടെ ദൈവസങ്കല്പത്തിന് മറ്റുളളവരുടേതിൽ നിന്നുള്ള വ്യത്യാസവും സവിശേഷതയും അതുല്യതയും ബോധ്യപ്പെടുത്താൻ അജപാലകർക്കും വിശ്വാസ പരിശീലകർക്കും കുടുംബങ്ങൾക്കും കഴിയണം. പക്ഷേ, അതും സ്നേഹത്തോടെയും ശാന്തതയോടെയും ആദരത്തോടെയും പ്രതിപക്ഷ ബഹുമാനത്തോടെയും ചെയ്യാൻ കഴിയും, കഴിയണം (cf. 1പത്രോ 3,15.16). ക്രിസ്തുവിനെയും അവിടത്തെ മൂല്യങ്ങളെയും തള്ളിപ്പറഞ്ഞുകൊണ്ടല്ലല്ലോ ക്രൈസ്തവവിശ്വാസ സമർത്ഥനം നടത്തേണ്ടത്.

    കടപ്പാട് :ജോഷിയച്ചൻ മയ്യാറ്റിൽ


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group