October – മിഷൻ ഞായർ: സഭയുടെ കരുതൽ നിറഞ്ഞ നൽകലിന്റെ ദിനം

Avatar photo
ആധുനിക യുഗത്തിൽ നവമാധ്യമങ്ങളുടെ താളബോധത്തിൽ നിലകൊണ്ടീടുന്ന യുവത്വങ്ങളെ ക്രിസ്തുവിലേയ്ക്ക് ചേർത്തു നിർത്തുവാൻ ഒരു പുതിയ നവ മാധ്യമ വിപ്ലവം ഇവിടെ പിറവികൊള്ളുന്നു.

വീണ്ടുമൊരു മിഷൻ ഞായർ കൂടെ കടന്നുപോകുന്നു. ഭൂമിയിൽ ജനതകൾക്കു മുൻപിൽ ക്രിസ്തുവിൽ അടിയുറച്ചു നിന്നു കൊണ്ട് തന്റെ പ്രേഷിത ചൈതന്യം അവർക്കായി പകർത്തു നൽകീടുന്ന സഭയുടെ പ്രവർത്തനങ്ങളെ സ്മരിക്കുന്ന ദിനമാണിത്. നിങ്ങൾ ലോകമെങ്ങും പോയി സർവ്വസൃഷ്ടികളോടും സുവിശേഷമറിയിക്കുക എന്ന ക്രിസ്തുവിന്റെ ആഹ്വാനം സഭ ഇന്നും ലോകാർത്തികളിൽ നിർവ്വഹിച്ചിടുന്നു. സ്വന്തം ദേശവും സകലതും വിട്ടുപേക്ഷിച്ച് തങ്ങളുടെ ജീവിതത്തിൽ അന്നുവരെ അറിയാത്ത ഒരു ദേശത്ത് കടന്നു ചെന്ന് അവിടെയുള്ള ജനതകളുടെ ഭാഷയും സംസ്കാരവും സ്വായത്തമാക്കി അവരിലൊരാളായി തീർന്ന് ക്രിസ്തുവിനെ അവർക്കു നൽകീടുന്ന ക്രിസ്തുവിന്റെ പ്രേഷിതരായ മിഷ്ണറിമാരെ ഈ ദിനം തീർച്ചയായും സ്മരിക്കണം.

ആത്മീയതയോടൊപ്പം തന്നെ ഭൗതികമായും മനുഷ്യന്റെ ഇല്ലായ്മകൾക്ക് പരിഹാരം കണ്ടെത്താനും സഭ സമൂഹത്തിൽ നിലകൊള്ളുന്നുണ്ട്. ലോകത്തെ എല്ലാ ദേശങ്ങളും ജനതകളും സമത്വത്തിന്റെ ചുറ്റുപാടിലൂടെയല്ല കടന്നുപോയി കൊണ്ടിരിക്കുന്നത്. ഒരു കോണിൽ മനുഷ്യർ സകല സുഖസൗകര്യങ്ങളുടെയും നിറവിൽ സമ്പന്നതയുടെ പരമകോടിയിൽ നിലകൊള്ളുമ്പോൾ പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത, വേണ്ടത്ര ചികിത്സയില്ലാതെ ഒരു നേരത്തെ ആഹാരം പോലും കണ്ടെത്താനാകാതെ കടുത്ത ദാരിദ്രത്തിൽ കഴിയേണ്ടി വരുന്ന ലക്ഷോപലക്ഷം ജനങ്ങൾ മറ്റൊരു കോണിൽ കഴിയുന്നുണ്ട്. ദിശാബോധമില്ലാത്തതും അഴിമതി നിറഞ്ഞ ഭരണകൂടങ്ങളും നേതാക്കളും അവരെ പലവിധ ചൂഷണങ്ങൾക്കു പോലും വിധേയരാക്കുന്നു.
അത്തരത്തിലുള്ള ഇടങ്ങളിൽ കരുതലിന്റെ സുവിശേഷം പകർന്നു നൽകി അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഭയുടെ മിഷൻ കരങ്ങൾ ശ്രമിക്കാറുണ്ട്. സ്ക്കൂളുകളായും ആശുപത്രികളായും സാമൂഹിക കേന്ദ്രങ്ങൾ വഴിയും പലതരത്തിൽ ആ ജനതയെ മുഖ്യധാരയിലേയ്ക്കു കൊണ്ടുവരാനും അവരുടെ ഉൺമനത്തിനുമായി പല പദ്ധതികൾ നടപ്പാക്കാനും സഭ തന്റെ മിഷൻ പ്രവർത്തനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നു.

1926-ല്‍ 11-Ɔο പിയൂസ് പാപ്പായാണ് ആഗോള മിഷന്‍ ഞായര്‍ ആചരണം സ്ഥാപിച്ചത്. പ്രാര്‍ത്ഥനയിലൂടെയും വ്യക്തികളുടെ ചെറിയ പരിത്യാഗ പ്രവൃത്തികളിലൂടെയും സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെ പിന്‍തുണയ്ക്കുവാനുള്ള സന്നദ്ധത പ്രകടമാക്കുന്ന സവിശേഷമായ ദിനമായിട്ടാണ് സ്ഥാപകനായ പാപ്പാ പിയൂസ് 11-Ɔമന്‍ ഈ ദിവസത്തെ നിര്‍വ്വചിച്ചിരിക്കുന്നത്.മിഷൻ ഞായറിൽ ഇടവക ദേവാലയങ്ങളിൽ നൽകപ്പെടുന്ന സ്ത്രോത്ര കാഴ്ച്ച സഭയുടെ മിഷൻ പ്രവർത്തനങ്ങൾക്കായി സമർപ്പിക്കപ്പെടുന്നു. മനുഷ്യന്റെ ഭൗതിക വികസനം സാധ്യമാക്കപ്പെടണമെങ്കിൽ ധനം ഒരു പ്രധാന ഘടകം തന്നെയാണ്. സഭ തന്റെ മിഷൻ പ്രവർത്തനങ്ങളിൽ അനേകായിരങ്ങൾക്കായി ആശുപത്രികളായിയും വിദ്യാഭ്യാസ സ്ഥാപനങ്ങളായും അതിലുപരി അവരുടെ ഉൺമനത്തിനുമായി പ്രവർത്തിക്കുമ്പോൾ മിഷൻ ഞായറിൽ നമ്മൾ നൽകീടുന്ന ഒരു രൂപ നാണയമായിക്കൊള്ളട്ടെ, അതിന് ലോകത്തിന്റെ ഏതോ ഒരു ഭാഗത്ത് സഭയുടെ മിഷൻ പ്രവർത്തനത്തിലൂടെ ഗുണഭോക്താവായി തീരുന്ന ഒരു ജീവിതവും ഉണ്ട്. ആ ജീവിതം പേറുന്ന വിശപ്പിന് ഒരു നേരത്തെ ആഹാരമോ രോഗം പേറുന്നുണ്ടെങ്കിൽ അതിന് മരുന്നായോ നിരക്ഷരാണെങ്കിൽ വിദ്യാഭ്യാസത്തിനായോ നമ്മൾ നൽകുന്നത് ഉത്തരമായി തീരുന്നു.അങ്ങനെ നാം ജീവിതത്തിൽ ഒരിക്കലും കാണാൻ ഇടയില്ലാത്ത ഒരു മനുഷ്യന് മുന്നിൽ അദൃശ്യനായ ഒരു നല്ല അയൽക്കാരനായി നിലക്കൊള്ളുന്നു.

കൊറോണയുടെ കാലത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. നാമെല്ലാവരും പ്രതീക്ഷിക്കാത്ത പ്രതിസന്ധികൾ ജീവിതത്തിന്റെ പലമേഖലകളിലൂടെ നേരിടുന്നുണ്ട്. കത്തോലിക്കാസഭയും പ്രതിരോധ പ്രവർത്തനകളിലും സഹായ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ട്. ഭാരത സഭയിൽ കാരിത്താസ് ഇന്ത്യ എന്ന സാമൂഹ്യസേവന വിഭാഗവും CHAI എന്ന ആരോഗ്യ സേവന വിഭാഗവും ഈയവസരത്തിൽ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലേയും സാമൂഹ്യ സേവനവിഭാഗങ്ങൾ ജാതിമത ഭേദ്യമെനേ ഭക്ഷ്യക്കിറ്റ് നൽകുന്നതിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും അഭിനദനാർഹമായ നിലയിൽ മുൻപന്തിയിൽ നിൽക്കുന്നുണ്ട്. ഈ കൊറോണക്കാലം നമ്മളും പ്രതിസന്ധികൾ നേരിടുന്നുണ്ടാകും. എന്നിരുന്നാലും സുവിശേഷത്തിലെ വിധവയുടെ നാണയ തുട്ടുകൾ പോലെ ഇല്ലായ്മകളിൽ നിന്നും നൽകീടാം. അവ സഭയുടെ മിഷൻ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകീടും. ഓർക്കുക നമ്മളാണ് സഭ……….