കേരളത്തെ കുരുക്കാൻ അന്യസംസ്ഥാന രാസലഹരി

എം.ഡി.എം.എ അടക്കമുള്ള മാരക രാസലഹരിവസ്തുക്കള്‍ കേരളത്തിലേക്ക് കടത്താൻ ആന്ധ്രപ്രദേശ്, ഒറീസ, കർണാടക സംസ്ഥാനങ്ങളില്‍ വൻ മാഫിയ.

നിരവധി ചെറുപ്പക്കാരെ ഈ സംഘങ്ങള്‍ വലയിലാക്കിക്കഴിഞ്ഞു. ഇവരുമായി നിരന്തര സമ്പർക്കമുള്ള മൂന്ന് പേരാണ് കഴിഞ്ഞ ദിവസം ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്നുമായി പഴയന്നൂരില്‍ പിടിയിലായത്.

കൂടുതല്‍ യുവാക്കള്‍ കേരളത്തിലെ സംഘത്തിലുണ്ടെന്നാണ് എക്‌സൈസിന് ലഭിച്ച വിവരം. യുവാക്കളെയും കൗമാരക്കാരെയും ലക്ഷ്യമിട്ടാണ് ഇവരുടെ ലഹരി വിതരണ ശൃംഖലയുടെ പ്രവർത്തനം. സംസ്ഥാനത്തിന്റെ അതിർത്തികളില്‍ പരിശോധന കാര്യക്ഷമമല്ലാത്തതിനാല്‍ മയക്കുമരുന്ന് കടത്ത് കൂടുന്നു.

പ്രധാന റോഡുകള്‍ ഒഴിവാക്കി വളഞ്ഞ വഴികളിലൂടെയാണ് കടത്തേറെയും. കഴിഞ്ഞ ദിവസം എക്‌സൈസ് കമ്മിഷണറുടെ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ അസി. എക്‌സൈസ് കമ്മിഷണർ ടി.അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുതിരാൻ ഭാഗത്ത് എക്‌സൈസ് സംഘത്തെ കണ്ട് വെട്ടി തിരിഞ്ഞ് പഴയന്നൂർ ഭാഗത്തേക്ക് കടന്ന യുവാക്കളെയാണ് പിടികൂടിയത്. വിവരം തൃശൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വഴി സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഡ്യൂട്ടിയിലേർപ്പെട്ടിരുന്ന എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് ഇൻസ്‌പെക്ടറായ എൻ.സുദർശന കുമാറിനെയും പഴയന്നൂർ എക്‌സൈസ് റേഞ്ച് സംഘത്തെയും അറിയിച്ചതിനെ തുടർന്ന് സംയുക്തമായി സ്‌പെഷ്യൻ സ്‌ക്വാഡും പഴയന്നൂർ റേഞ്ച് സംഘവും സ്റ്റേറ്റ് എക്‌സൈസ് സ്‌ക്വാഡും പഴയന്നൂരില്‍ ഇന്നോവ കാറിനെ അതിസാഹസികമായി തടഞ്ഞു നിറുത്തി പിടികൂടുകയായിരുന്നു.

ഒരു ഗ്രാമിന് 4000 രൂപയ്ക്ക് വില്‍ക്കാനാകുമെന്നും ബംഗളൂരുവില്‍ നിന്നാണ് വാങ്ങിയതെന്നും അറസ്റ്റിലായ എറണാകുളം ആലുവ കടുങ്ങല്ലൂർ സ്വദേശികളായ മുപ്പത്തടം വീട്ടില്‍ നിധിൻ ജേക്കബ് (26), മണപ്പുറത്ത് വീട്ടില്‍ വിഷ്ണു കെ.ദാസ് (26), പാലറ ദേശത്ത് കടവിലാൻ വീട്ടില്‍ മുഹമ്മദ് ഷാഫി (25) എന്നിവർ മൊഴി നല്‍കി. പഴയന്നൂർ എസ്.എച്ച്‌.ഒ മഹേന്ദ്ര സിംഹന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ ഡാഷ്‌ബോർഡിനുള്ളില്‍ സ്റ്റീരിയോയുടെ ഉള്‍ഭാഗത്തായി 100 ഗ്രാം മെത്താഫിറ്റമിനാണ് കണ്ടെടുത്തത്. നിരവധി ക്രിമിനല്‍ കേസിലും നാർകോട്ടിക് കേസിലും പ്രതികളാണിവർ. ഇവരെ റിമാൻഡ് ചെയ്തു.

ഗൂഗിള്‍പേ വഴിയാണ് ഇടപാടുകള്‍. വാങ്ങുന്നതും വില്‍ക്കുന്നതുമെല്ലാം ഗൂഗിള്‍പേ വഴിയായതിനാല്‍ കൂടുതല്‍ കണ്ണികളെ കണ്ടെത്താനാകും. 10 വർഷത്തിലേറെയായി ഈ ലഹരിമരുന്നുകളുടെ വരവിലും വില്‍പനയിലും ഗണ്യമായ വർദ്ധനവുണ്ടായെങ്കിലും കൊവിഡ് കാലത്ത് ഇരട്ടിയായി. ഇതോടെ രാസലഹരിക്ക് അടിമകളാകുന്നവരുടെ എണ്ണം വലിയതോതില്‍ കൂടി. ബി.ടെക്, എം.ടെക്, എം.ബി.എ, മെഡിക്കല്‍ തുടങ്ങി പ്രൊഫഷണല്‍ വിദ്യാർത്ഥികളുടെ സംഘങ്ങളും വ്യാപകം.

കൂടുതല്‍ പേർ മയക്കുമരുന്ന് കടത്തില്‍ ഉള്‍പ്പെട്ടതായാണ് വിവരം. അന്വേഷണം തുടരുമെന്നും എക്‌സൈസ് ആന്റി നകോട്ടിക് സ്‌ക്വാഡ് ഇൻസ്‌പെക്ടർ എൻ.സുദർശന കുമാർ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group