ഇരുപത് ഇന്ത്യന്‍ ഭാഷകളില്‍ ബൈബിള്‍ ലഭ്യമാകുന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ച് മലയാളി വൈദികന്‍

ഇരുപത് ഇന്ത്യന്‍ ഭാഷകളില്‍ ബൈബിള്‍ ലഭ്യമാകുന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ച് മലയാളി വൈദികന്‍ ശ്രദ്ധേയനാകുന്നു.

ഇറ്റാനഗര്‍ ഡോണ്‍ബോസ്‌കോ കോളജ് അധ്യാപകനായ ഫാ. ജോസുകുട്ടി തോമസ് മഠത്തിപ്പറമ്പില്‍ എസ്ഡിബിയാണ് ഇങ്ങനെയൊരു മിഷനുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ‘ദി ബൈബിള്‍ ഇന്‍ ടങ്‌സ്’ എന്ന് പേരു നല്‍കിയിരിക്കുന്ന മൊബൈല്‍ ആപ്പില്‍ അധികവും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര ഭാഷകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്രയധികം ഭാഷകളില്‍ ബൈബിള്‍ ലഭിക്കുന്ന ഒരു മൊബൈല്‍ ആപ്പ് ആദ്യമായിട്ടാണ്. വായിക്കാനും കേള്‍ക്കാനും കഴിയുന്ന വിധത്തിലുള്ള ബൈബിളിന്റെ പ്രിന്റ് – ഓഡിയോ വേര്‍ഷനുകള്‍ ഈ ആപ്പിന്റെ പ്രത്യേകതയാണ്. ആസാമീസ്, ആസാമിലെ ഗോത്രഭാഷകളായ ഇവ, റാബാ, അരുണാചല്‍ പ്രദേശിലെ നിഷി, വാഞ്ചോ, അപ്പത്താനി, മണിപ്പൂരിലെ മറ, അണ്ണാല്‍ തുടങ്ങിയ ഭാഷകൾ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ, ഇംഗ്ലീഷ്, ഹിന്ദി, നേപ്പാളി ഭാഷകളും ഈ മൊബൈല്‍ ആപ്പില്‍ ലഭ്യമാണ്. നൂറ് ഭാഷകള്‍ വേണമെങ്കിലും ഇനിയും ആപ്പില്‍ ചേര്‍ക്കാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.

കോട്ടയം അതിരൂപതാംഗമായ ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പില്‍ കോട്ടയത്തിനടുത്തുള്ള കല്ലറ സ്വദേശിയാണ്. കഴിഞ്ഞ 14 വര്‍ഷമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിഷനറിയാണ്. ജീസസ് യൂത്തുകാരനായ തോംസണ്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇലോയിറ്റ് ഇന്നവേഷന്‍സ് എന്ന കമ്പനി സൗജന്യമായിട്ടാണ് ഇതിന്റെ ഡിസൈനും സാങ്കേതിക സഹായങ്ങളും ചെയ്തത്. സലേഷ്യന്‍ സന്യാസ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. അംഗല്‍ ഫെര്‍ണാണ്ടസ് ആര്‍ത്തിമേ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്തു. സലേഷ്യന്‍ വൈദികരായ ഫാ. ജോസ് ഉമ്പായി തട്ടില്‍, ഫാ. ഫ്രാന്‍സിസ് തോട്ടത്തിവയലില്‍, ഫാ. ദേവസി പാലാട്ടി, ഫാ. ജോസഫ് പുളിന്താനത്ത്, ഫാ. പോള്‍ പാണി, ഫാ. ജോസ് വരിയ്ക്കാശേരില്‍, ഫാ. ജോയ് കാച്ചാപ്പിള്ളി, ഫാ. മത്തായി കൊട്ടാരത്തില്‍, ഫാ. ഇമ്മാനുവേല്‍ പൂവിത്തോ, ഫാ. ജോസ് കണിയാമ്പാടി, ഫാ. പാട്രിക് ലാപ്ച്ച, ഫാ. ലുക്കോസ് ചെറുവാലേല്‍, ഫാ. തോമസ് കുന്നമ്പള്ളി തുടങ്ങിയവര്‍ വിവിധ ഭാഷകളില്‍ മൊബൈല്‍ ആപ്പ് തയാറാക്കുന്നതിനു നേതൃത്വം നല്‍കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സലേഷ്യന്‍ സഭ പ്രവര്‍ത്തനം ആരംഭിച്ചതിന്റ നൂറാം വര്‍ഷത്തില്‍ ഇങ്ങനെയൊരു സംരംഭം ചെയ്യാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് അണിയറ പ്രവര്‍ത്തകര്‍


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group