ഐക്യത്തിൽ വളരാൻ പരിശുദ്ധത്രിത്വം അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ച് ഫ്രാൻസിസ് പാപ്പാ

ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാ വാരം തിങ്കളാഴ്ച സന്ധ്യാ പ്രാർത്ഥനയോടുകൂടി സെന്റ് പോൾ ബസിലിക്കയിൽ സമാപിച്ചു. നാഡീ വേദനയും ശാരീരിക ബുദ്ധിമുട്ടുകളും കാരണം പരിശുദ്ധ പിതാവിന് പങ്കെടുക്കാൻ സാധിക്കാതിരുന്ന സാഹചര്യത്തിൽ ക്രിസ്തീയ ഐക്യത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡന്റ് കർദിനാൾ കുർട് കോച്ച് പാപ്പാ തയ്യാറാക്കിയ സന്ദേശം വായിച്ചുകേൾപ്പിച്ചു. നാം ഏവരും ക്രിസ്തുവിൽ ഒന്നാകുവാനും പരിശുദ്ധാത്മാവ് വർഷിക്കപ്പെട്ട് ദൈവ പിതാവിന്റെ മക്കളെന്ന ബോധ്യത്തിലേക്കും അതുവഴി സഹോദര്യത്തിലേക്കും കടന്നുവരാനും ഉള്ള അനുഗ്രഹത്തിനായി കോച്ച് പ്രാർത്ഥിക്കുന്നു. അങ്ങനെ പരിശുദ്ധ ത്രീത്വം ഏവരെയും ഐക്യത്തിൽ വളർത്തട്ടെ എന്നും അദ്ദേഹം ആശംസിക്കുന്നു. എല്ലാ ജനുവരി മാസത്തിലും ഓരോ ആഴ്ച വീതം ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനക്കായി സഭ നീക്കിവയ്ക്കുന്നു. ഈ വർഷത്തെ പ്രാർത്ഥനാ വാരത്തിന്റെ പ്രതിപാദ്യവിഷയം ‘ നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിന്നാൽ ധാരാളം ഫലം പുറപ്പെടുവിക്കും’ എന്നതായിരുന്നു. ക്രിസ്തുവിൽ ഒന്നായാൽ മാത്രമേ വളരാനും ഫലം പുറപ്പെടുവിക്കാനും നമുക്ക് സാധിക്കൂ എന്ന് ഈ ആശയത്തിന്റെ വെളിച്ചത്തിൽ പരിശുദ്ധ പിതാവ് എഴുതുന്നു. തിരക്കേറിയതും സങ്കീർണവുമായ ഇന്നത്തെ ലോകത്തിൽ ഐക്യം നഷ്ടപ്പെട്ട് അകന്നു പോകാനുള്ള പ്രവണത ഏവരിലും ഉണ്ടെന്നും അതിനാൽ നിലയുറപ്പിക്കാൻ ആവാത്തവിധം അകമേ ചിതറിക്കപ്പെട്ടതായി നമുക്ക് തോന്നിയേക്കാം എന്നും പാപ്പ ഓർമ്മിപ്പിക്കുന്നു. ജീവിക്കാൻ വെള്ളം ആവശ്യമാണെന്നതുപോലെ പ്രാർത്ഥനയും നമുക്ക് ആവശ്യമാണെന്ന് പാപ്പ കൂട്ടിച്ചേർക്കുന്നു.ഐക്യം പുനസ്ഥാപിക്കുക എന്നത് പരിശുദ്ധാത്മാവിന്റെ അഭിലാഷമായതിനാൽ നമ്മെ സ്നേഹിക്കാത്തവരെ പോലും നാം സ്നേഹിക്കണമെന്നും പരിശുദ്ധ പിതാവ് പ്രസ്താവിക്കുന്നു. ഐക്യം എന്ന ദാനത്തിനായി ഏവരും പ്രാർത്ഥിക്കണമെന്ന് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളോട് പാപ്പ ആഹ്വാനം ചെയ്യുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group