വന്ദേ മെട്രോ സര്‍വീസുകള്‍ക്കായി കേരളത്തില്‍ നിന്ന് 10 റൂട്ടുകള്‍ പരിഗണനയില്‍

കൊച്ചി :ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിച്ച്‌ തുടങ്ങുന്ന വന്ദേ മെട്രോ സര്‍വീസുകള്‍ക്കായി കേരളത്തില്‍ നിന്ന് 10 റൂട്ടുകള്‍ പരിഗണനയില്‍.

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ നിന്ന് അഞ്ച് വീതം റൂട്ടുകളെയാണ് പരിഗണിക്കുന്നത്. ഇതില്‍ നിലമ്പൂർ-മേട്ടുപാളയം, കൊല്ലം-തിരുനെല്‍വേലി റൂട്ടുകളുമുണ്ട്.

വന്ദേ മെട്രോ റൂട്ടുകള്‍ ഇങ്ങനെ :

എറണാകുളം-കോഴിക്കോട്
കോഴിക്കോട്-പാലക്കാട്
പാലക്കാട്-കോട്ടയം
എറണാകുളം-കോയമ്പത്തൂർ
തിരുവനന്തപുരം-എറണാകുളം
കൊല്ലം-തിരുനെല്‍വേലി
കൊല്ലം-തൃശൂര്‍
മംഗളൂരു-കോഴിക്കോട്
നിലമ്പൂർ-മേട്ടുപാളയം

വന്ദേ മെട്രോ ട്രെയിനുകളുടെ ദൂരപരിധി 200 കിലോമീറ്ററാണ്. പാസഞ്ചര്‍ ട്രെയിനുകള്‍ക്കുള്ള എല്ലാ സ്റ്റോപ്പുകളും വന്ദേ മെട്രോ ട്രെയിനുകള്‍ക്ക് ഉണ്ടാകില്ല. ദക്ഷിണ റെയില്‍വേയുടെ ശുപാര്‍ശ അനുസരിച്ച്‌ വന്ദേ മെട്രോ ട്രെയിനുകള്‍ക്ക് അനുമതി നല്‍കുന്നത് റെയില്‍വേ ബോർഡാണ്.

പൂര്‍ണമായും ശീതികരിച്ച 12 കോച്ചുകളാണ് വന്ദേ മെട്രോ ട്രെയിനില്‍ ഉണ്ടാകുക. 130 കിലോമീറ്ററായിരിക്കും വന്ദേ മെട്രോ ട്രെയിനിന് അനുവദിക്കുന്ന പരമാവധി വേഗം. ആദ്യ വന്ദേ മെട്രോ ട്രെയിൻ റേക്ക് ചെന്നൈ ഇന്‍റഗ്രല്‍ കോച്ച്‌ ഫാക്ടറിയില്‍ നിന്ന് നവംബറില്‍ പുറത്തിറക്കും.