ആലപ്പുഴ: വചനങ്ങളും സങ്കീർത്തനങ്ങളും കൈകൊണ്ട് നിഖിൽ ആന്റണി പേപ്പറിലേക്കെഴുതിയപ്പോൾ അതിനു ക്രിസ്തുവിന്റെ രൂപം. ഭക്തിയുടെ ഉൾപ്രേരണയാൽ കൊറോണ കാലത്ത് ഒരുക്കിയ ഈ ചിത്രം ഇപ്പോൾ ഏഷ്യ ബുക്ക് ഓഫ് റിക്കാർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിലും ഇടം നേടിക്കഴിഞ്ഞു.
സങ്കീർത്തനങ്ങളും യോഹന്നാന്റെ ലേഖനങ്ങളുമാണ് പ്രധാനമായും ചേർത്തിരിക്കുന്നത്. ചേർത്തല അർത്തുങ്കൽ പനയ്ക്കൽ വീട്ടിൽ ആന്റണിയുടെയും മേരിയുടെയും മകനായ നിഖിൽ ആന്റണി ചാർട്ട് പേപ്പറുകൾ കൂട്ടിച്ചേർത്താണ് കാൻവാസ് ഒരുക്കിയത്. 110 ചാർട്ട്പേപ്പറുകൾ ചേർത്ത് ഏഴുമീറ്റർ നീളവും അഞ്ചുമീറ്റർ വീതിയുമുള്ള ഒരു വലിയ കാൻവാസ് ഉണ്ടാക്കുകയായിരുന്നു. വചനങ്ങൾ എഴുതിയ ശേഷം പേപ്പറുകൾ യോജിപ്പിച്ചു.
ടൈപ്പോഗ്രാഫിക് ഡ്രോയിംഗ് എന്നു വിശേഷിപ്പിക്കുന്ന കലാരീതിയാണിത്. 20 മണിക്കൂറും നാല്പതു മിനിറ്റുമെടുത്താണ് ഇംഗ്ലീഷിലുള്ള എഴുത്ത് പൂർത്തിയാക്കിയതും. അതിനു ശേഷം പേപ്പറുകൾ കൂട്ടിച്ചേർത്ത് ഒട്ടിച്ചെടുക്കാൻ രണ്ടുദിവസം കൂടിയെടുത്തുവെന്നുമാത്രം. കളമശേരിയിൽ വെൽഡിംഗ് കോഴ്സിനു പഠിക്കുന്ന നിഖിൽ കൊറോണ കാലയളവിലാണ് വരയ്ക്കാൻ തുടങ്ങിയതും. ഗൂഗിളിൽ പരിശോധിക്കുന്നതിനിടെയാണ് ഇങ്ങനെയൊരാശയം മനസിലേക്കു വന്നതും അതിനായി ശ്രമം തുടങ്ങിയതും.
മാതാപിതാക്കളുടെയും സഹോദരൻ അഖിലിന്റെയും പിന്തുണ കൂടിയായതോടെ ചിത്രം കാൻവാസിൽ പതിഞ്ഞു. രചനയുടെ എല്ലാ ഭാഗവും വീഡിയോയായി പകർത്തിയത് സഹോദരനായിരുന്നു. റിക്കാർഡ് ലഭിക്കുന്നതിനായി സംഘടനകളുമായി ബന്ധപ്പെട്ടപ്പോൾ അളവും തെളിവുമൊക്കെ സമർപ്പിക്കുന്നതിനായി ആവശ്യപ്പെട്ടു.
ചിത്രവും വീഡിയോയും ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രവുമടക്കം നല്കിയപ്പോഴാണ് റിക്കാർഡിലേക്കുള്ള വഴി തുടർന്നത്. ചിത്രം സമർപ്പിച്ച് ഒന്നരയാഴ്ച പിന്നിട്ടപ്പോഴാണ് ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സിന്റെ മെഡലടക്കം വന്നത്. ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിന്റെ മെഡലും ഉടൻ ലഭിക്കും. ഗിന്നസ് ബുക്ക് ഓഫ് റിക്കാർഡിലും ഇടം പിടിക്കണമെന്നാണ് ആഗ്രഹം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group