കൊച്ചി :സാംസ്കാരിക ഇടപെടലുകളുടെ മഹിതസ്മൃതികൾ സമ്മാനിച്ച ചാവറ കൾച്ചറൽ സെന്റർ സുവർണജൂബിലിയുടെ പൂർണതയിലേക്ക്.
കല, സംസ്കാരം, വിദ്യാഭ്യാസം, മതസൗഹാര്‍ദം തുടങ്ങി സാമൂഹ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും മികവിന്റെ മുദ്രകളാണു ചാവറ സാംസ്കാരിക കേന്ദ്രത്തിന്റെ 50 വര്‍ഷത്തെ ശോഭയുള്ളതാക്കുന്നത്.
വിശുദ്ധ ചാവറയച്ചന്റെ നൂറാം ചരമവാര്‍ഷികമായ 1971ലാണു ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ പിറവി. സിഎംഐ സഭയുടെ അന്നത്തെ പ്രിയോര്‍ ജനറാളായിരുന്ന ഫാ. കനിസിയുസ് തെക്കേക്കര മുന്‍കൈയെടുത്ത് മഹാകവി ജി. ശങ്കരക്കുറുപ്പ്, എം.കെ.കെ. നായര്‍, എം.കെ. സാനു തുടങ്ങിയവരുടെ പിന്തുണയോടെയായിരുന്നു സെന്ററിന്റെ തുടക്കം. റവ. ഡോ. ആല്‍ബര്‍ട്ട് നമ്പ്യാപറമ്പിൽ ചാവറയുടെ സ്ഥാപക ഡയറക്ടറായി.
ആലുവ അദ്വൈതാശ്രമത്തില്‍ നടന്ന സര്‍വമത സമ്മേളനത്തിനുശേഷം കേരളം കണ്ട ഏറ്റവും പ്രൗഢമായ മതാന്തര സൗഹൃദക്കൂട്ടായ്മയ്ക്ക് ആതിഥേയത്വം വഹിച്ചത് ചാവറ കള്‍ച്ചറല്‍ സെന്ററാണ്.
കൊച്ചിയിലെ ആദ്യ ബജറ്റ് ചർച്ച തുടങ്ങിയത് ചാവറയിലാണ്. പുകവലിക്കെതിരേ ചാവറയിൽ സംഘടിപ്പിച്ച ചർച്ചയും തുടർന്നു രൂപപ്പെട്ട സംവാദങ്ങളും പൊതുസ്ഥലങ്ങളിലെ പുകവലിക്കെതിരേയുള്ള ഹൈക്കോടതി വിധിയിലേക്കു വരെയെത്തിയതും ചരിത്രം.
സാംസ്കാരിക പരിപാടികൾക്കൊപ്പം ജീവകാരുണ്യ, സാമൂഹ്യ പ്രവർത്തനങ്ങളുടെയും ഇടമായി ചാവറ സെന്റർ മാറി. ജന്മനാ എച്ച്ഐവി ബാധിച്ച കുട്ടികളുടെ ക്ഷേമത്തിനും (ചാവറ ഇന്‍സ്പയര്‍), ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്നേഹപരിപാലനത്തിനും ഈ സെന്റര്‍ പ്രത്യേക പ്രാധാന്യം നല്കുന്നു.
അന്ധരായ യുവതീയുവാക്കള്‍ക്ക് സൗജന്യ കംപ്യൂട്ടര്‍ പരിശീലനം നല്കി ജീവിതവഴി തെളിച്ചുകൊടുക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. ജര്‍മന്‍, ഫ്രഞ്ച് ഭാഷാ സംസ്കാരങ്ങളുമായുള്ള ആശയ കൈമാറ്റങ്ങള്‍ക്കുതകുന്ന കേന്ദ്രങ്ങള്‍ അതത് എംബസികളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു. 2019ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തിക, സാമൂഹിക കൗണ്‍സില്‍ സ്പെഷല്‍ കണ്‍സള്‍ട്ടേറ്റീവ് സ്റ്റാറ്റസ് അംഗീകാരം നല്കി ചാവറ സെന്ററിനെ ആദരിച്ചു.
ചാവറ പബ്ലിക് ലൈബ്രറി കൊച്ചിയിലെ തലയെടുപ്പുള്ള ഗ്രന്ഥാലയമാണ്. സാഹിത്യ, വൈജ്ഞാനിക വായനകള്‍ക്കൊപ്പം സിവില്‍ സര്‍വീസ് ഉള്‍പ്പെടെ വിവിധ മത്സരപരീക്ഷകള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന അപൂര്‍വ ഗ്രന്ഥങ്ങളുടെ ശേഖരം ഇവിടെയുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group