എഡിറ്റോറിയൽ

Avatar photo
ആധുനിക യുഗത്തിൽ നവമാധ്യമങ്ങളുടെ താളബോധത്തിൽ നിലകൊണ്ടീടുന്ന യുവത്വങ്ങളെ ക്രിസ്തുവിലേയ്ക്ക് ചേർത്തു നിർത്തുവാൻ ഒരു പുതിയ നവ മാധ്യമ വിപ്ലവം ഇവിടെ പിറവികൊള്ളുന്നു.

കോവിഡിന്റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ഭാരത ജനതയ്ക്ക് മുന്നിൽ നെടുവീർപ്പുകൾ ഉയരുകയാണ്….വിശുദ്ധ ഗ്രന്ഥത്തിൽ നെടുവീർപ്പുകളെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ”നെടുവീർപ്പുകളാണ് എന്റെ ഭക്ഷണം ജലപ്രവാഹംപോലെ ഞാൻ നിരന്തരം ഞരങ്ങുന്നു (ജോബ് 3:24) ഹൃദയക്ഷോഭം നിമിത്തമാണ് താൻ നെടുവീർപ്പിടുന്നതെന്നും തീർത്തും ക്ഷീണിച്ചു തകർന്നിരിക്കുന്നുവെന്നും ഒരു ഒരു വേള ദാവീദ് സാക്ഷ്യപ്പെടുത്തുന്നുണ്ട്.(സങ്കീർത്തനം.38:8)
നാമോരോരുത്തരും വലിയ നെടുവീർപ്പുകളിലൂടെ കടന്നുപോകുന്ന ദിവസങ്ങളാണിത്.കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ നെടുവീർപ്പുകൾക്കിടയിൽ സ്വദേശത്തും വിദേശത്തുമൊക്കെ ആയിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരെ  ഓർക്കുമ്പോഴാണ് നാം ഓരോരുത്തരിലും വീണ്ടും നെടുവീർപ്പ് ഉയരുന്നത്….
യേശു അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ കല്ലറയ്ക്കു മുമ്പിൽ നിൽക്കുമ്പോഴാണ് അവനിൽ നിന്ന് ആദ്യമായി നെടുവീർപ്പ് ഉയരുന്നത്….അത് തന്നെക്കുറിച്ച് ഓർത്ത് ഉയരുന്ന നെടുവീർപ്പുകൾ ആയിരുന്നില്ല…..പകരം അപരന്റെ കണ്ണീർ തുള്ളികൾ കണ്ടിട്ടാണ്….
ഈ ദിവസങ്ങളിൽ നമ്മളോരോരുത്തരും യേശുവിനെപ്പോലെ ഇങ്ങനെ നെടുവീർപ്പിടുന്നുണ്ടാകണം….ഓക്സിജനും കൃത്യമായ ചികിത്സയും ലഭിക്കാതെ,മരണത്തിന് കീഴടങ്ങിയവരെപ്പറ്റിയുള്ള വാർത്തകൾ പത്രത്താളുകളിൽ നിറയുമ്പോൾ നെടുവീർപ്പുകൾ കൊണ്ട് ആശ്വസിക്കുകയാണ് നമ്മൾ…
സർവ്വശക്തനായ ദൈവത്താൽ എല്ലാം സംരക്ഷിക്കപ്പെടുമെന്നു പോലും പ്രത്യാശിക്കാൻ ധൈര്യപ്പെടാത്ത ഇപ്പോഴത്തെ അവസ്ഥയിൽ തുടരുന്നതിലുള്ള നെടുവീർപ്പുകൾ….
നമ്മുടെ ദൃഷ്ടിയിൽ, മനുഷ്യരാശിയുടെ നാളെ, മനുഷ്യരാശിയുടെ ഭാവി, തുടച്ചു മാറ്റിയതു പോലെ അപ്രത്യക്ഷമാകുന്നതുംസഹയാത്രികനെ നഷ്ടപ്പെടുന്നതും,ജീവിതയാത്രയുടെ ദിശ തെറ്റുന്നതും കണ്ട് നെടുവീർപ്പിടാതെ സർവ്വശക്തിയുമുപയോഗിച്ച് പിതാവിന്‍റെ വസ്ത്രാഞ്ചലത്തിൽ മുറുകെപ്പിടിച്ചു നിൽക്കാനുള്ള ശക്തി സംഭരിക്കാൻ പ്രാർത്ഥനയെന്ന ആയുധത്തെ നമുക്ക് ഉപയോഗിക്കാം….നെടുവീർപ്പുകളില്ലാതെ..
ഉറ്റവരുടെയും ഉടയവരുടെയും വേർപാടിൽ മരവിച്ചുപോയ, തളർന്നുപോയ അനേകമാൾക്കാരെയും കുറിച്ച് നമ്മൾ കേൾക്കുന്നു….കോവിഡ് നിയന്ത്രണങ്ങളിൽ പെട്ട് കഷ്ടപ്പാടിലുഴലുന്നവരെ ചേർത്തു നിർത്താനും അവരുടെ നെടുവീർപ്പുകൾ ഗ്രഹിക്കാനുമാകണം നമുക്ക്….രക്ഷയുടെ മഹത്വം നഷ്ടപ്പെട്ടുപോയ  മനുഷ്യരാശിയുടെ നിസ്സഹായതയും ഭീതിയുമാണ് ഇന്ന് നെടുവീർപ്പുകളായി ഉയരുന്നതെന്ന് തിരിച്ചറിഞ്ഞ്  നമ്മെത്തന്നെ സമർപ്പിച്ചു കൊണ്ട് സർവ്വശക്തന്‍റെ നെടുവീർപ്പുകൾക്കായി കാതോർക്കാം….
മനുഷ്യരാശിയിലേറെയുംതന്നെ ഉപേക്ഷിച്ചിട്ടും ഇന്നും അവരെ രക്ഷിക്കുന്നുവെന്നതാണ് അവന്‍റെ മഹത്വം…..താൻ സൃഷ്ടിച്ച മനുഷ്യന്‍റെ നിലനിൽപ്പിന്‍റെ അസ്ഥിവാരമാണ് അവൻ…..നെടുവീർപ്പുകളിൽ കുരുങ്ങിയ മനുഷ്യരാശിയെ പുനരുജ്ജീവിപ്പിക്കുന്ന വീണ്ടെടുപ്പുകാരനാണ് അവൻ…..സന്തുഷ്ട ഹൃദയങ്ങളെ ദുഃഖത്താൽ നിറയ്ക്കുകയും ദുഃഖിതഹൃദയങ്ങളെ സന്തോഷം കൊണ്ട് ഉയർത്തുകയും നെടുവീർപ്പുകളിൽ ആശ്വാസം പകരുകയും ചെയ്യുന്നുണ്ട് അവൻ….
 ഈ കഷ്ടപ്പാടുകളുടെ നടുവിൽ  വിലപിച്ചുകൊണ്ടിരിക്കുന്ന നമ്മെ ഓരോരുത്തരെയും സർവ്വ ശക്തനായ ദൈവം മാത്രമേ രക്ഷിക്കുകയുള്ളൂ…അവൻ മാത്രമേ നമ്മുടെ ചുടുനെടുവീർപ്പുകൾ ശ്രവിക്കുകയുള്ളൂ….!!!

അജി ജോസഫ് കാവുങ്കൽ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group