കുരിശിൻ ചുവട്ടിലെ അമ്മ…

ഇനി കുരിശിൻ ചുവട്ടിലെ അമ്മയുടെ മുഖത്തേക്കൊന്നു നോക്കുക….!!! പീഡകളേറ്റു മരണത്തെ മുഖാമുഖം കാണുന്ന മകൻ എന്റേതു മാത്രമെന്ന്
ആ അമ്മ ചിന്തിച്ചിരുന്നെങ്കിൽ അവൾ അവനെ സഹനത്തിന് വിട്ടുകൊടുക്കുമായിരുന്നോ…?
ഒന്നുമില്ലെങ്കിലും തന്റെ മകനെ പീഡിപ്പിക്കുന്നവരോട് അകാരണമായി ക്രൂശിക്കാൻ ഒരുങ്ങിയവരോട് അവസാന നിമിഷം ഒന്ന് പ്രതിഷേധിക്കുകയെങ്കിലും ചെയ്യുമായിരുന്നില്ലേ…?അവൻ എന്റേതു മാത്രമല്ല…!!! ലോകം മുഴുവന്റേതുമാണെന്ന കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് ആ അമ്മ കാനായിലെ കല്യാണപ്പന്തലിൽ വച്ച് ”സമയമായില്ല” യെന്ന് മകൻ പറഞ്ഞിട്ടും
”അവൻ പറയുന്നതുപോലെ ചെയ്യുവിൻ” എന്ന വാക്കുകളോടെ ആ മകനെ സഹനത്തിലേക്ക് കൈ കൈപിടിച്ച് ഇറക്കിയത്….. മുകളിൽ പറഞ്ഞതുപോലെ
കുരിശിൻ ചുവട്ടിൽ അർപ്പിക്കപ്പെട്ട മകന്റെ മുന്നിൽ അവൾ നിൽക്കുന്നത് അമ്മയെന്ന ഭാവത്തിലാണ് നാം വീക്ഷിക്കുന്നത്…..
പക്ഷേ,അവനെ നിങ്ങൾക്കായി ഞാൻ അർപ്പിച്ചിരിക്കുന്നുവെന്നാണ് ആ മുഖഭാവം നമ്മോട് പറഞ്ഞുവയ്ക്കുന്നത്…..
മാംസമായ വചനത്തിന് നീരും ചോരയും നൽകിയ ഭാഗ്യവതിയല്ലേ അവൾ…? എന്നിട്ടും അതിന്റെ ഭാവവാഹാദികളില്ലാതെയാണ് ഈ അമ്മയെ വിശുദ്ധ ഗ്രന്ഥത്തിൽ നമ്മൾ കാണുന്നത്… ”ഇത് എന്റെ ശരീരമാകുന്നു വാങ്ങി ഭക്ഷിക്കുവിൻ….
ഇത് രക്തമാകുന്നു വാങ്ങി
കുടിക്കുവിനെ”ന്ന് പെസഹ രാത്രിയിൽ അവൻ പറഞ്ഞ വാക്കുകൾ വീണ്ടും ഈ കുരിശിൻ ചുവട്ടിൽ നിന്ന് പുത്രനെ നോക്കി വീണ്ടും ആവർത്തിക്കുകയാണ് പരിശുദ്ധ അമ്മ….. സ്വജീവിതവും സർവ്വവും
സ്വപുത്രനെയും ദൈവത്തെപ്രതി സമർപ്പിച്ചതു കൊണ്ടാണ് ക്രൂശിതനായ ഈശോ അവന്റെ അമ്മയായ മറിയത്തെ സർവ്വ ലോകത്തിന്റെയും അമ്മയായി
ഈ നിമിഷങ്ങളിൽ നമുക്ക് നൽകുന്നത്….. അവന്റേതായി ഒന്നുമില്ല ഇനി മനുഷ്യനു നൽകാൻ അവസാനതുള്ളി ചോരയും അവൻ നൽകിക്കഴിഞ്ഞു…..
അതുകൊണ്ടു തന്നെയാണല്ലോ ഈശോ അമ്മയെ നോക്കി യോഹന്നാനോട് പറയുന്നത് ഇനി ഈ അമ്മ അവന്റേതു മാത്രമല്ല സർവ്വ ജനപദങ്ങളുടേതുമാണെന്ന്…..!!! ഇന്ന് പരിശുദ്ധ അമ്മയോടുള്ള വണക്കമാസത്തിന്റെ ഒന്നാം ദിവസം…
വണക്കമാസ ദിനങ്ങളിൽ
ഈശോ നമുക്ക് നൽകിയ അമ്മയോടും അവന്റെ മകനോടും ചേർന്നു നിൽക്കാം…. അമ്മയുടെ കരുതലും സംരക്ഷണവും സഹായവും പ്രാർത്ഥനയും
ആ അമ്മയുടെ മകനിലൂടെ അനുഗ്രഹങ്ങളായി നമുക്ക് സ്വീകരിക്കാം…..
ആ അമ്മയോട് അപേക്ഷിക്കാം… ദൈവ ജനനിയായ പരിശുദ്ധ കന്യകാമറിയമേ അങ്ങയെ എന്റെ മാതാവും മധ്യസ്ഥയുമായി ഞാന്‍ ഏറ്റുപറയുന്നു. പുത്രസഹജമായ സ്നേഹം എന്നില്‍ നിറയ്ക്കണമേ. മക്കളോട് അമ്മയ്ക്കുളള സനേഹവും വാത്സല്യവും എന്നോട് അങ്ങ് കാണിക്കണമേ.
ഏതവസരത്തിലും അങ്ങേ സഹായം അഭ്യര്‍ത്ഥിക്കുവാനും, കൈവരിക്കുവാനും ഇടയാക്കണമേ. ഈ പ്രാര്‍ത്ഥനകള്‍ അങ്ങേ തിരുക്കുമാരന്‍ വഴിയായി പിതാവിന്റെ പക്കല്‍ അര്‍പ്പിക്കുവാന്‍ അമ്മേ അങ്ങ് തന്നെ ഞങ്ങളെ സഹായിക്കണമേ….. ആമേൻ…. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. സുകൃതജപം:
ക്രിസ്ത്യാനികളുടെ സഹായമായ മറിയമേ, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ…

Aji Joseph KavunkAl


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group