ജാഗ്രത…ക്രൈസ്തവ ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറി വിശ്വാസികളെ കെണിയില്‍ അകപ്പെടുത്താന്‍ ഗൂഢശ്രമം…

ക്രൈസ്തവ മാധ്യമങ്ങളുടെ ഗ്രൂപ്പുകളിൽ നുഴഞ്ഞു കയറി വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യുവാൻ വൻ സംഘങ്ങൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്.

ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍ ലിങ്ക് ഉപയോഗിച്ച് കത്തോലിക്ക ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറുന്ന ഇവര്‍, ചില ആളുകളെ ടാര്‍ഗറ്റ് ചെയ്യുകയും അവരെ വ്യക്തിപരമായി ബന്ധപ്പെടുവാന്‍ ശ്രമിക്കുകയും ചെയ്യുന്നതോടെയാണ് തട്ടിപ്പിന് ആരംഭമാകുന്നത്. പ്രധാനമായും വിദേശത്തു നിന്നുള്ള നമ്പറുകളാണ് ഇവര്‍ ഇതിനായി ഉപയോഗിക്കുന്നത്. സ്വദേശത്ത് നിന്നുള്ള നമ്പറുകളില്‍ നിന്നും തട്ടിപ്പ് നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

ബൈബിള്‍ വചനങ്ങള്‍ അയച്ചും മരിയന്‍ വണക്കം പ്രകടമാക്കിയും ഇവര്‍ ഇരകളുടെ വിശ്വാസം നേടിയെടുക്കുവാനാണ് ആദ്യഘട്ടത്തില്‍ ശ്രമിക്കുന്നത്. സംശയിക്കാന്‍ യാതൊരു സൂചനയും നല്‍കാത്ത വിധത്തില്‍ തന്ത്രപരമായ വിധത്തിലാണ് ഇരകളെ ഇവര്‍ പതിയെ സ്വന്തമാക്കുന്നത്. വിശ്വാസം നേടിയെടുത്താല്‍ ”ഞങ്ങള്‍ക്ക് ഒരു പ്രാര്‍ത്ഥനാഗ്രൂപ്പ് ഉണ്ട്, അതിലേക്കു ചേര്‍ക്കട്ടെ” എന്ന രീതിയില്‍ സന്ദേശങ്ങള്‍ കൈമാറുന്നു. ഇതിനോട് അനുകൂലമായ സന്ദേശം ലഭിക്കുന്നതോടെ ലോബിക്ക് കാര്യങ്ങള്‍ എളുപ്പമായി തീരുകയാണ്.

അനുദിനം പ്രാര്‍ത്ഥനയും വചനവുമായി ഗ്രൂപ്പിലൂടെ ഇരകളായവരെ പ്രചോദിപ്പിച്ചുകൊണ്ട് ഇവര്‍ മുന്നോട്ടു പോകുന്നു. ഇതിന് ശേഷമാണ് തട്ടിപ്പിന്റെ പ്രധാന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. തങ്ങള്‍ നാട്ടില്‍ എത്തുന്നുണ്ടെന്നും ഒരുമിച്ച് ധ്യാനം കൂടാമെന്നും പറയുന്നു. അംഗങ്ങളെ വ്യക്തിപരമായി കൂടുതല്‍ സ്വാധീനിക്കുവാനുള്ള ശ്രമം ഇതിനിടയില്‍ നടക്കുന്നുണ്ട്. ഇതിന് സമ്മതം മൂളുന്നവരെ തന്ത്രപരമായി അവരുടെ കേന്ദ്രങ്ങളില്‍ എത്തിക്കുകയാണ് സാധാരണ ചെയ്യുന്നത്. ഇത്തരത്തില്‍ ഈ അടുത്തിടെ മൂരിയാടുള്ള കുപ്രസിദ്ധമായ കേന്ദ്രത്തില്‍ ചിലരെ എത്തിച്ചതിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഇതില്‍പ്പെട്ടു പോയവര്‍ക്ക് കടുത്ത സാമ്പത്തിക നഷ്ടവും മാനഹാനിയും സംഭവിച്ചതായും വെളിപ്പെടുത്തലുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? ‍

1. ‘വ്യക്തിപരമായി’ ആരെങ്കിലും നിങ്ങളെ ബന്ധപ്പെടുകയോ വിളിക്കുകയോ വിശ്വാസ സംബന്ധമായ കാര്യങ്ങള്‍ പങ്കുവെയ്ക്കുകയോ ചെയ്താല്‍ അതീവ ജാഗ്രത പുലര്‍ത്തുക.

2. താങ്കളെ മറ്റൊരു ഗ്രൂപ്പില്‍ ആഡ് ചെയ്യട്ടെ എന്ന രീതിയില്‍ അപരിചിത നമ്പറില്‍ നിന്ന് വ്യക്തിപരമായി സന്ദേശങ്ങള്‍ ലഭിച്ചാല്‍ അത് അവഗണിക്കുക.

3. സന്ദേശങ്ങള്‍/ ഫോണ്‍ വിളികള്‍ തുടരുകയാണെങ്കില്‍ നമ്പര്‍ ബ്ളോക്ക് ചെയ്യുക.

4. ഇത്തരം സന്ദേശം/ ഫോണ്‍ വിളികള്‍ ലഭിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ അഡ്മിന്‍മാരെ വിവരമറിയിക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group