സൊമാലിയന്‍ തീരത്ത് 15 ഇന്ത്യക്കാരടങ്ങുന്ന കപ്പല്‍ റാഞ്ചി; ഐഎന്‍എസ് ചെന്നൈ സംഭവസ്ഥലത്തേക്ക്

സോമാലിയന്‍ തീരത്ത് ഹൈജാക്ക് ചെയ്ത ലൈബീരിയന്‍ കപ്പലില്‍ ഇന്ത്യക്കാരും ഉള്ളതായി റിപ്പോര്‍ട്ട്. കപ്പലിലെ 15 ജീവനക്കാര്‍ ഇന്ത്യക്കാര്‍ ആണ് എന്നാണ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തട്ടിക്കൊണ്ടുപോയ കപ്പലായ ‘എംവി ലില നോര്‍ഫോള്‍ക്ക്’ നാവികസേന സൂക്ഷ്മമായി നിരീക്ഷിച്ച്‌ വരികയാണ്.

നാവികസേനയുടെ വിമാനം കപ്പലില്‍ നിരീക്ഷണം നടത്തി ജീവനക്കാരുമായി ആശയവിനിമയം നടത്തി എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നാവികസേനയുടെ യുദ്ധക്കപ്പലായ ഐ എന്‍ എസ് ചെന്നൈ, ഹൈജാക്ക് സാഹചര്യം നേരിടാന്‍ നിലവില്‍ തട്ടിക്കൊണ്ടുപോയ കപ്പലിന് സമീപത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ വൈകിട്ടാണ് കപ്പല്‍ തട്ടിക്കൊണ്ടുപോയതായി സന്ദേശം ലഭിച്ചത്.

അജ്ഞാതരായ സായുധ സംഘമാണ് കപ്പല്‍ ഹൈജാക്ക് ചെയ്തത്. ചരക്ക് കപ്പലാണ് തട്ടിയെടുത്തത് എന്നാണ് വിവരം. സായുധ സംഘം കപ്പിലില്‍ കയറിയതായി ഇന്ത്യന്‍ നാവികസേനയ്ക്ക് യുകെഎംടിഒ പോര്‍ട്ടലില്‍ സന്ദേശം ലഭിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇന്ത്യന്‍ നാവികസേന ഒരു മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ് (എം പി എ) വിക്ഷേപിക്കുകയും കപ്പലിനെ സഹായിക്കാന്‍ ഐ എന്‍ എസ് ചെന്നൈ വഴിതിരിച്ചുവിടുകയും ചെയ്തതായി എ എന്‍ ഐ അറിയിച്ചു.

പ്രദേശത്തെ മറ്റ് ഏജന്‍സികളുമായി ഏകോപിപ്പിച്ച്‌ മൊത്തത്തിലുള്ള സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് നാവികസേന അറിയിച്ചു. കടല്‍ക്കൊള്ള പോലുള്ള സംഭവങ്ങള്‍ക്ക് പേരുകേട്ട മേഖലയാണ് സൊമാലിയന്‍ തീരം. അതേസമയം, ഹൂതി തീവ്രവാദികള്‍ മേഖലയിലെ നിരവധി വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം ശക്തമാക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ ചെങ്കടലിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group